തൃശൂര്‍: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റ് ബിജെപി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് കാര്യമായി നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അതിന്റെ ഭാഗമായി ശക്തമായി അന്വേഷണവും നടക്കുന്നു.കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍ അവരുടെ മോചനം സാധ്യമാകും. അവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഒരു മന്ത്രി തന്നെ അതിന് ശ്രമിച്ചെന്നന്നും ബിജെപി ആരോപിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.
കന്യാസ്ത്രികള്‍ക്ക് നീതി ലഭ്യമാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. അറസ്റ്റില്‍ ബിജെപി എന്തു ചെയ്തു എന്ന് സഭാ നേതൃത്വത്തിനും കന്യാസ്ത്രികളുടെ കുടുംബത്തിനും അറിയാം.സിസ്റ്റര്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിഷയമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. രണ്ട് സിസ്റ്റര്‍മാരും റിമാന്‍ഡില്‍ ആയതിന് ശേഷമാണ് വിഷയത്തെ കുറിച്ച് അറിയുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെ ആളുകളെ കാണുകയും റെയില്‍വേ പോലീസ് ചോദിച്ചപ്പോള്‍ വ്യക്തമായി വിശദീകരിക്കാന്‍ കഴിയാതെ വന്നതുമാണ് പ്രശ്‌നമായത്. എല്ലാ സഹായവും ബിജെപി സംസ്ഥാന ഘടകം ചെയ്തിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് അറിയിച്ചു. മൂന്നു ദിവസമായി കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. അധികം വൈകാതെ അവര്‍ക്ക് നീതി ലഭ്യമാക്കും. ഉത്തരേന്ത്യയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവണം എന്ന് പ്രാര്‍ഥിക്കുന്ന കോണ്‍ഗ്രസ് ആണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് വരുന്നതിനുള്ള ആശങ്കയാണ് കോണ്‍ഗ്രസിന്. ഇവിടെ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് അവിടെ എന്താണ് സംഭവിച്ചതെന്ന് പോലും കൃത്യമായി അറിയില്ല.കേരളത്തിന്റെ മുഖ്യമന്ത്രി ഈ നിമിഷം വരെ കന്യാസ്ത്രീകള്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു. കത്ത് അയച്ചതല്ലാതെ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്നും ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാര്‍, മേഖല അധ്യക്ഷന്‍ എ.നാഗേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





