പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ നിരവധി കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് ഇന്ത്യക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും രാജ്യസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു കോടിയോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. അവരുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇറാന്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാണിജ്യകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലെയുള്ള ജലപാതകള്‍ തടസപ്പെടുത്തുന്നതും ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. സാധാരണക്കാര്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.
സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എണ്ണ, വാതകം, വളം തുടങ്ങിയവയുടെ സ്ഥിരമായ വിതരണം ഉറപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മോദി ഉറപ്പുനല്‍കി. എണ്ണയും വാതകവും വളവും കയറ്റിയ കപ്പലുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്ത്യയിലെത്തിച്ചിരുന്നു.





