ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ.പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് മുണ്ടത്തിക്കോടുള്ള ഒനിക്സ് ഇൻഡസ്ട്രീസ് ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരൻ 20,953 രൂപ നൽകിയാണ് ബാത്ത് ടബ്ബുകൾ വാങ്ങിയത്. ഉപയോഗിച്ചു കൊണ്ടിരിക്കെ ബാത്ത് ടബ്ബുകളിലൊന്ന് ഫ്ളോർ ബബ്ബിൾസ് വന്ന് പൊട്ടിയ അവസ്ഥയിലാണെന്ന് മനസിലായി. രണ്ടാമത്തെ ബാത്ത് ടബ്ബിൻ്റെ പ്രതലം സുതാര്യമല്ലാതെ അഴുക്ക് പിടിക്കുന്ന അവസ്ഥയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്തു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
എതിർകക്ഷി വില്പന നടത്തിയ ബാത്ത് ടബ്ബുകൾ തകരാറുള്ളതാണെന്ന് കോടതി വിലയിരുത്തി. ശരിയായി ഉപയോഗിക്കാത്തതുകൊണ്ടും വെള്ളത്തിൻ്റെ ഗുണനിലവാരക്കുറവുകൊണ്ടുമാണ് ബാത്ത് ടബ്ബുകൾക്ക് തകരാർ സംഭവിച്ചതെന്ന എതിർകക്ഷി ഭാഗത്തിൻ്റെ വാദം കോടതി തള്ളുകയും ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഉല്പന്നങ്ങളുടെ വിലയായ 20,953 രൂപയും മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവായി 7,500 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും നല്കണമെന്ന് വിധിയിൽ വ്യക്തമാക്കി. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി.ബെന്നിയാണ് ഹാജരായി വാദം നടത്തിയത്.





