വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചുവരുന്ന കാട്ടുപന്നിയെ നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കൊലപ്പെടുത്തി, മാംസം വിൽപന നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ പാലക്കാട് ജില്ല മങ്കര അരമ്പലംകാരയിൽ വാരിയപറമ്പിൽ വീട്ടിൽ രാജേഷ് (38 വയസ്സ്), പാലക്കാട് ജില്ല ഒറ്റപ്പാലം വരോട് കൊലോത്ത് പറമ്പിൽ അബു താഹിർ (52 വയസ്സ്) എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി ഉത്തരവായി.
2024 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെട്ട മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പല ദിവസങ്ങളിലായി രാജേഷ്. അബുതാഹിറും , ഒന്നാം പ്രതിയായ പെരുമാൾ എന്നവരോടൊപ്പം ചേർന്ന് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടുപന്നികളെ കൊലപ്പെടുത്തി, മാംസം വിൽപന നടത്തുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് പെരുമാൾ എന്നവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ ഇത്തരത്തിൽ കാട്ടുപന്നികളെ കൊലപ്പെടുത്തി മാംസം വിൽപന നടത്തുന്ന മാഫിയ സജീവമാണെന്ന് അറിവായിട്ടുള്ളതാണ്. ഇത്തരത്തിൽ സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി ഉപയോഗിച്ചതുമൂലം വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്സിന്റെ ടയർ സ്ഫോടക വസ്തുവിൽ കയറി ടയർ പൊട്ടി ബസ് അപകടത്തിൽപ്പെട്ടിരുന്നു.അതു കൂടാതെ പഴയന്നൂർ GHSS സ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ട സ്ഫോടക വസ്തു പന്താണെന്നു കരുതി തട്ടിക്കളിക്കുന്നതിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
കേസ് ഫയലും, ഒന്നാം പ്രതിയുടേയും സാക്ഷികളുടേയും മൊഴികളും രേഖകളും പരിശോധിച്ച കോടതി, അത്യന്തം ഗൗരവതരമായ ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവപൂർവ്വം വീക്ഷിക്കണമെന്ന് നിരീക്ഷിച്ചു. പ്രതികളുടെ മുൻകാല കുറ്റകൃത്യ പശ്ചാത്തലവും ഇത്തരത്തിലുള്ള മാഫിയകളുമായുള്ള ബന്ധവും പരിഗണിച്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും, ജാമ്യം അനുവദിച്ചാൽ തുടർന്നും ഇതേ കുറ്റകൃത്യം ചെയ്യുവാനും, കേസിലെ തെളിവുകൾ നശിപ്പിക്കുവാനും സാധ്യതയുണ്ടെന്നും ഇത്തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വനമേഖലയിലെ പരിസ്ഥിതി നശിപ്പിക്കുന്നത് അത്യന്തം ഗൗരവമേറിയതാണെന്നും ആയതിനാല്‍ യാതൊരു കാരണവശാലും പ്രതികൾക്ക് മുൻകൂർ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ച് സെഷൻസ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.





