ന്യൂഡൽഹി: ജനങ്ങളെ കബളിപ്പിക്കാനും തട്ടിപ്പിനിരയാക്കാനും സമൂഹമാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപിച്ച് സമയബന്ധിതമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഓൺലൈൻ തട്ടിപ്പുകളും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളും സംബന്ധിച്ച പരാതികൾ അവലോകനം ചെയ്യുന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ യുഗത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ വേഗത്തിലുള്ള പ്രതികരണവും വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനവും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
യോഗത്തിൽ റോഡ്, വൈദ്യുതി, വ്യാവസായിക ഇടനാഴി, മെട്രോ റെയിൽ മേഖലകളിലായി നാല് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രി വിലയിരുത്തി. നാല് സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന ഈ പദ്ധതികൾക്ക് ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.
ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ പ്രധാന വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.




