കൊൽക്കത്ത: കൊൽക്കത്തയിലെ തരാതല പ്രദേശത്ത് നിർമാണത്തിലിരുന്ന മൂന്ന് നില ഗോഡൗൺ തകർന്നു വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. 20 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന്, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഭരണകാലത്ത് അംഗീകാരം ലഭിച്ച എല്ലാ നിർമാണ പദ്ധതികളും ജൂലൈ 31 വരെ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉത്തരവിട്ടിട്ടുണ്ട്.
കെട്ടിടം തകർന്നുവീണ് ഒൻപത് മണിക്കൂറ് കഴിഞ്ഞും ഏകദേശം 15 തൊഴിലാളികൾ കൂടി കോൺക്രീറ്റിൻ്റെയും ഇരുമ്പ് അവശിഷ്ടങ്ങളുടെയും അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കുകയാണ്.
അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
കെട്ടിടം തകർന്നുവീഴാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.





