തൃശ്ശൂർ: പുലിക്കളി സംഘങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ ധനസഹായം തടസ്സപ്പെടാൻ കാരണമായത് സംസ്ഥാന സർക്കാരിൻ്റെയും ടൂറിസം വകുപ്പിൻ്റെയും ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു.
ഇന്ത്യ സർക്കാരിൻ്റെ ടൂറിസം മന്ത്രാലയം 2025-ലെ പുലിക്കളി നടത്തിപ്പിനായി കേരള സർക്കാർ ആവശ്യപ്പെട്ട 40 ലക്ഷം രൂപയിൽ നിന്ന് എട്ട് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ആകെ 24 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ ഈ ധനസഹായം റീഇംബഴ്‌സ്‌മെൻ്റ് അടിസ്ഥാനത്തിലായതിനാൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കേണ്ടതുണ്ടായിരുന്നു.
ടൂറിസം മന്ത്രാലയത്തിൻ്റെയും ‘ഇൻക്രെഡിബിൾ ഇന്ത്യ’യുടെയും ലോഗോകൾ എല്ലാ പ്രചാരണ സാമഗ്രികളിലും ഉൾപ്പെടുത്തുക, കേന്ദ്രസർക്കാരിൻ്റെ പിന്തുണ വ്യക്തമാക്കുക, മന്ത്രാലയത്തിൻ്റെ പ്രമോഷണൽ വീഡിയോകൾ പ്രദർശിപ്പിക്കുക, പരിപാടിയെക്കുറിച്ചുള്ള വീഡിയോ തയ്യാറാക്കുക, ഉദ്ഘാടന-സമാപന ചടങ്ങുകളിൽ മന്ത്രാലയത്തിൻ്റെ സഹായം പരാമർശിക്കുക, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ മന്ത്രാലയവുമായി സഹകരിച്ച് നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം നൽകിയിരുന്നത്.
എന്നാൽ ഈ നിബന്ധനകളൊന്നും ഒരു പുലിക്കളി സംഘത്തെയും അറിയിക്കാതെ ജില്ലാ ടൂറിസം വകുപ്പ് അധികൃതർ മറച്ചുവെച്ചതായി ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. പുലിക്കളി പൂർത്തിയാക്കി രേഖകൾ സമർപ്പിച്ചതിന് ശേഷമാണ് ഇത്തരം നിബന്ധനകൾ സംഘങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്നത്തെ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഔദ്യോഗിക കത്തിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പുലിക്കളി സംഘങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കേന്ദ്രസഹായം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടും ടൂറിസം വകുപ്പിൻ്റെ ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി കൂടിയായ തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പുലിക്കളി സംഘങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്ന് ഫണ്ട് അനുവദിക്കപ്പെട്ടതെന്നും, അതിൻ്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ലഭിക്കാതിരിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ സംഘങ്ങളിൽ നിന്ന് മറച്ചുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സുരേഷ് ഗോപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ വേട്ടയാടാനുള്ള ശ്രമമാണ് ഇടതു-വലതു മുന്നണികൾ നടത്തുന്നതെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. സ്വന്തം കൈയിൽ നിന്ന് 50,000 രൂപ വീതം ഓരോ പുലിക്കളി സംഘങ്ങൾക്കും നൽകിയത് സുരേഷ് ഗോപിയാണെന്നും, അദ്ദേഹത്തിൻ്റെ മേൽ കള്ളക്കഥകൾ കെട്ടിച്ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ ബിജെപി ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലിക്കളി സംഘങ്ങൾക്ക് വാഗ്ദാനം ചെയ്ത സഹായധനം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.





