മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റവിമുക്തനായി. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതായിരുന്നെന്നും ഒടുവിൽ സത്യം വിജയിച്ചെന്നും വിധി വന്ന ശേഷം കെ സുരേന്ദ്രൻ പ്രതികരിച്ചു.
മഞ്ചേശ്വരത്ത് ബിഎസ് പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ.സുന്ദരയെ സ്വാധീനിച്ച് കെ സുരേന്ദ്രൻ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു കേസ്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശനാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നത്. സുരേന്ദ്രൻ സുന്ദരയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായും പിന്നീട് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമായിരുന്നു പരാതി. സുരേന്ദ്രന് പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റേ, ലോകേഷ് നോഡ എന്നിവരും കേസിൽ പ്രതികളായിരുന്നു. എൻഡിഎഫ് സ്ഥാനാർത്ഥിയുടെ കേസിൽ പിന്നീട് സുന്ദര കക്ഷി ചേർന്നിരുന്നു.
വൻ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ കേസെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണ്. തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ പറഞ്ഞു.