*വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ ‘സ്റ്റഡി ഇൻ കേരള‘ പദ്ധതി നടപ്പാക്കും
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ നൽകിയ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണൽ പ്രവർത്തനങ്ങൾക്ക് സഹായകരമാകാനും ഉതകുന്ന വിധത്തിൽ, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങൾ.
ആദ്യഘട്ടമായി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ഇവയ്ക്കാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി ലഭ്യമായത്. നിലവിൽ ഭരണാനുമതി ലഭിച്ച സെന്ററുകളിൽ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷാ, സാംസ്‌കാരിക മേഖലയിലുമാണ് പ്രവർത്തിക്കുക. ഒരു സെന്റർ ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക, അനധ്യാപക, ഗവേഷക വിദ്യാർഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകൽപ്പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നോവേഷൻ (കെഐഎസ്ടിഐ), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (കെഐഎഎസ്), കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എജ്യുക്കേഷൻ (കെഎൻആർഎസ്എച്ച്ഇ), സെന്റർ ഫോർ ഇൻഡീജിനസ് പീപ്പിൾസ് എജ്യുക്കേഷൻ (സിഐപിഇ), ദി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൻഡർ ഇക്വാലിറ്റി (കെഐജിഇ), കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് (കെഎൽഎൻ) എന്നിവയാണ് നിലവിൽ ഭരണാനുമതി ലഭിച്ച സ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷത്തേക്ക് ഇവയുടെ പ്രവർത്തനങ്ങൾക്കായി 11.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഓരോ മികവിന്റെ കേന്ദ്രത്തിനും അതത് മേഖലക്കുള്ളിൽ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും അതാതു മേഖലയിലെ മികച്ച ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വിദ്യാർഥികൾ, വ്യവസായ പങ്കാളികൾ എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. ആദ്യ ഘട്ടത്തിൽ, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേർ അടങ്ങുന്ന ഒരു കോർ അക്കാദമിക് ടീം (ഫാക്കൽറ്റി/ ഫാക്കൽറ്റി ഫെലോ/ റിസർച്ച് ഫാക്കൽറ്റി എന്നിവരുൾപ്പെടെ) ഓരോ കേന്ദ്രത്തിലും രൂപീകരിക്കും. പുറമെ, പോസ്റ്റ് ഡോക്ടറൽ, ഡോക്ടറൽ വിദ്യാർഥികളുടെ ഓരോ ടീമും ഉണ്ടാവും.
സംസ്ഥാനസർക്കാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട ഒരു ഗവേണിംഗ് ബോർഡ് ഓരോ കേന്ദ്രത്തിലും രൂപീകരിക്കും. സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങൾക്ക് ഭാവിയിൽ പിന്തുടരാവുന്ന രീതിയിൽ, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എജ്യുക്കേഷണൽ അഡ്മിനിസ്ട്രേഷൻ രീതിയിലാവും സംവിധാനം.
ഉന്നതവിദ്യാഭ്യാസത്തിന്റെ അന്തർദേശീയവത്ക്കരണത്തിലൂടെ കേരളത്തെ സംസ്ഥാനത്തിനു പുറത്തും വിദേശത്തുനിന്നും ഉള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി മാറ്റുന്നതിനാണ് സ്റ്റഡി ഇൻ കേരള പ്രോഗ്രാം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്രനിലവാരത്തിൽ പരിഷ്‌കരിക്കുക, വിദേശ വിദ്യാർത്ഥികൾക്ക് കൂടി ആകർഷകമാവുന്ന ഘടകങ്ങൾ ഉൾച്ചേർക്കുക, വിദേശവിദ്യാർഥികൾക്ക് ഗുണമേന്മയുള്ള പാർപ്പിട സൗകര്യങ്ങൾ സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെ ഒരുക്കുക, അനുകൂലമായ ജീവിതസാഹചര്യങ്ങളും പഠന അന്തരീക്ഷവും ഉറപ്പാക്കുക, രാജ്യത്തിനകത്തും പുറത്തും നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കാൻ ഉതകുന്നവിധം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നമ്മുടെ സ്ഥാപനങ്ങളുടെ ക്യാംപസുകൾ സ്ഥാപിക്കാൻ നടപടികളെടുക്കുക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഗവേഷണസഹകരണം വർധിപ്പിക്കാൻ പദ്ധതികൾ ആരംഭിക്കുക, നമ്മുടെ വിദ്യാർഥികളിൽ ആഗോള അവബോധവും പരസ്പര ബന്ധവും ഉണ്ടാക്കിയെടുക്കുക എന്നിവ വഴി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവൽക്കരണം എന്ന ലക്ഷ്യം കൈവരിക്കാനാണീ പദ്ധതി.
അന്തർദേശീയ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ പ്രധാനകലകൾ, പാരമ്പര്യ അറിവുകൾ, കേരള സമൂഹത്തിന്റെ സവിശേഷതകൾ, വിനോദസഞ്ചാര സാധ്യതകൾ, ഭക്ഷണവൈവിധ്യങ്ങൾ, തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാൻ ഹ്രസ്വകാല നോൺ-ഡിഗ്രി കോഴ്സുകൾ പദ്ധതിയിൽ ലഭ്യമാക്കും. ഡിമാന്റുള്ള കോഴ്സുകൾക്ക് കൂടുതൽ പ്രചാരണം നൽകും. മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ഇതിലുണ്ടാകും. സംസ്ഥാനത്തു നിലവിൽ വിദ്യാർഥികൾ താൽപര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾ പുനക്രമീകരിച്ച്, കൂടുതൽ ജോബ് ഓറിയന്റഡ് ആയ ന്യൂ ജനറേഷൻ കോഴ്സുകളാക്കി അവ മാറ്റാനും, ബിരുദ വിദ്യാർഥികളുടെ പ്രൊഫഷണൽ കോംപീറ്റൻസി വർദ്ധിപ്പിക്കാനുമുള്ള നടപടികൾ ഏറ്റെടുക്കും.
സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായി ഒരു അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ, കോളേജ് വിദ്യഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാവും കോൺക്ലേവ്. കോൺക്ലേവിന് അനുബന്ധമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, ബുക്ക് ഫെസ്റ്റിവൽ, ശാസ്ത്രപ്രദർശനങ്ങൾ, ടെക്നിക്കൽ ഫെസ്റ്റിവൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഉൾച്ചേർത്ത് അതിവിപുലമായിട്ടാവും ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവും നേട്ടങ്ങളും സാധ്യതകളും വ്യക്തമാക്കുന്ന പ്രദർശനങ്ങളും ചർച്ചകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.