ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ തൃശ്ശൂര്‍ ജില്ലയിലെ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, കോണ്‍ഗ്രസ്സ് നേതാവുമായ സാബു എന്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശ്ശൂര്‍ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാറാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയോട് അന്വേഷണോദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് കോടതി ഉത്തരവായിട്ടുണ്ട്.
ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നത്. പരാതിക്കാരൻ്റെ മകൾക്കും, മകനും ജോലി വാഗ്ദാനം ചെയ്ത് 27.5 ലക്ഷം രൂപ വാങ്ങിയെന്നും, പിന്നീട് ജോലിയും പണവും തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. തുടര്‍ന്ന് വിയ്യൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സാബു സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും, ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന പ്രതി ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയില്‍ അന്വേഷണം നടക്കുമ്പോള്‍ ആയത് പൂര്‍ത്തിയാകും മുന്‍പ് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനും, സാക്ഷികളെ സ്വാധീനിക്കുന്നതിനും സാദ്ധ്യതയുണ്ടെന്നും അതിനാല്‍ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. പി. അജയ് കുമാറിൻ്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.





