കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധി എന്ന ഒറ്റക്കാരണത്താല്‍ ഒരു സ്ത്രീയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് രാഷ്ട്രീയ നിലവാരത്തിലുള്ള ഗുരുതരമായ തകര്‍ച്ചയാണെന്നും മുഖ്യമന്ത്രി അപലപിച്ചു. ജനാധിപത്യ സംവാദങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ക്ക് സ്ഥാനമില്ലെന്നും രാഷ്ട്രീയ പ്രചാരണങ്ങളില്‍ അന്തസ്സും ബഹുമാനവും നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് നേതാവും കായംകുളത്തെ യുഡിഎഫ് കണ്‍വീനറുമായ ഇര്‍ഷാദ് ചക്കാലശ്ശേരി തെരഞ്ഞെടുപ്പ് പരിപാടിയില്‍ വെച്ച് യു പ്രതിഭ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ ‘വാക്ചാതുര്യം കൊണ്ടും ശരീര അഴക്’ കൊണ്ടുമാണ് തെരഞ്ഞെടുപ്പിലേക്ക് വരുന്നതെന്നായിരുന്നു പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഇര്‍ഷാദ് രംഗത്തെത്തിയിരുന്നു.
അതെസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. യുഡിഎഫ് നേതാവിന്റെ പരാമര്‍ശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു വ്യക്തമാക്കി.





