News Sports

ആര്‍സിബി വിജയ റാലിക്ക് അനുമതിയില്ല; ആഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം

ബംഗളൂരു: ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന റോഡ് ഷോ പൊലീസ് അനുമതി നിഷേധിച്ചതോടെ റാലി റദ്ദാക്കി. വിജയാഘോഷം ഹോം ഗ്രൗണ്ടായ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം നടത്താനാണ് തീരുമാനം.

വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ ആഡംബര റോഡ് ഷോയ്ക്ക് ഒരുക്കം നടത്തിയിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് അവസാന നിമിഷത്തിൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ആ പ്രദേശത്ത് ട്രാഫിക് നിയന്ത്രണങ്ങളും നടപ്പാക്കി.

വൈകുന്നേരം ആറു മണിയോടെ സ്റ്റേഡിയത്തിൽ ആരംഭിച്ച് ഒൻപതുമണിയോടെ സമാപിക്കുന്ന രീതിയിലാണ് വിജയാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

അതേസമയം ബെളഗാവിയിലും ശിവമോഗയിലും ആരാധകർ നടത്തിയ വിജയാഘോഷങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. ബെളഗാവിയിലെ റാലിക്കിടെ ഹൃദയാഘാതം മൂലം മഞ്ജുനാഥ് കുംഭാകർ (25) മരിച്ചു. ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിച്ചത്. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു. 

18 വർഷങ്ങൾക്കുശേഷം ആര്‍സിബി ഐപിഎൽ കിരീടം നേടിയതോടെ നഗരമാകെ ആഘോഷത്തിലാണ്. രാത്രി വൈകിയും ചില ഭാഗങ്ങളിൽ വലിയ തിരക്ക് ഉണ്ടായതോടെ പൊലീസിന് ലാത്തിചാർജും നടത്തേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *