
കൊച്ചി: സ്റ്റാർട്ടപ്പുകളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ശാക്തീകരിക്കുന്നതിനായി എംഎസ്എംഇ-ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശൂർ, ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു. സെപ്റ്റംബർ 10ന് ചിന്മയ വിശ്വവിദ്യാപീഠം ക്യാംപസിൽ നടന്ന ‘സ്റ്റാർട്ടപ്പ് എനേബിൾമെന്റ് സമ്മിറ്റ്’ ചിന്മയ വിശ്വവിദ്യാപീഠം, മേക്കർ വില്ലേജ്, കേരള മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
എംഎസ്എംഇ-ഡിഎഫ്ഒ ഡയറക്ടറും മേധാവിയുമായ ജി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങ് ചിന്മയ വിശ്വവിദ്യാപീഠം വൈസ് ചാൻസലർ പ്രൊഫ. മനോജ് കുമാർ അറോറ ഉദ്ഘാടനം ചെയ്തു.

സർക്കാർ പദ്ധതികൾ, ഗ്രാന്റുകൾ, ധനസഹായം, ബൗദ്ധിക സ്വത്തവകാശം, നിയമാനുസൃത നടപടികൾ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള സംഭരണം, സ്ഥാപനതല വായ്പകൾ തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും നടന്നു.
286 പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. വിവിധ സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചു.




