കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂര് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണു അഭിഭാഷകന് ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയെ സമീപിക്കലും പരിഗണനയിലുണ്ട്.
രാത്രിയിലാണ് ബോബി ചെമ്മണൂരിനെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയത്. തന്റെ മേൽ ഉന്നയിച്ചിരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമുള്ള ബോബി ചെമ്മണൂരിന്റെ വാദം തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജഡ്ജി എ. അഭിരാമി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മർദം അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതോടെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരായ കേസ് പ്രാഥമികമായി നിലനിൽക്കുന്നുവെന്നാണ് കോടതി വിലയിരുത്തിയത്. അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതകൾ പൊലീസിന്റെ റിപ്പോർട്ടിൽ കോടതി അംഗീകരിച്ചു.
കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതാണെന്നും വലിയ വ്യവസായിയായതിനാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നു കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.





