India News

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് എതിരെ യുഎസ് താരിഫ് നിരക്ക് ഉള്‍പ്പെടെ ഉയര്‍ത്തി സമ്മര്‍ദത്തിലാക്കുമ്പോള്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ അപൂര്‍വ നേട്ടം. റഷ്യന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രൈയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 12 ഇരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍.

ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണ കയറ്റുമതിയില്‍ നേരത്തെ യുക്രൈയ്ന്‍ ആയിരുന്നു മുന്നില്‍. ഇതാണ് റഷ്യ മറികടന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ തുടരുന്ന ഇന്ത്യ – റഷ്യ നാവിക വ്യാപാര സൗകര്യവുമാണ് റഷ്യന്‍ സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയെ സഹായിച്ചത്.

നിലവില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന സൂര്യകാന്തി എണ്ണയുടെ 56 ശതമാനവും റഷ്യയില്‍ നിന്നാണ്. 2021ല്‍ ഇത് പത്ത് ശതമാനം മാത്രം ആയിരുന്നു. 175,000 ടണ്‍ സുര്യകാന്തി എണ്ണയായിരുന്നു 2021 ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 2.09 ദശലക്ഷം ടണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. 12 ഇരട്ടിയോളം അധികമാണ് ഈ വ്യത്യാസം.

റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രവ്യാപാരത്തില്‍ വന്ന പ്രതിസന്ധിയാണ് ഇന്ത്യ – യുക്രൈയ്ന്‍ വ്യാപാരത്തെ ബാധിച്ചത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗമുള്ള കയറ്റുമതിയാണ് യുക്രൈയ്ന്‍ ആശ്രയിക്കുന്നത്. റഷ്യന്‍ സൂര്യകാന്തി എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു എന്നതും വ്യാപാരം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള ഭക്ഷ്യ എണ്ണകളില്‍ മൂന്നാം സ്ഥാനമാണ് സൂര്യകാന്തി എണ്ണയ്ക്കുള്ളത്. ഉപഭോഗ ആവശ്യത്തിന്റെ 60 ശതമാനവും ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതിന്റെ ആഭ്യന്തര ഉത്പാദനം. ഇറക്കുമതിയില്‍ പകുതിയും പാം ഓയിലാണ്. ബാക്കി സൊയാബീന്‍ ഓയിലും സൂര്യകാന്തി എണ്ണയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *