Kerala News

ഗുണമേന്‍മയുള്ള മത്സ്യവിഭവങ്ങളുമായി അന്തിപ്പച്ച; മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

ഗുണനിലവാരമുള്ള മത്സ്യങ്ങളും മത്സ്യ വിഭവങ്ങളും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അന്തിപ്പച്ച മൊബൈല്‍ വിപണന യൂനിറ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. അന്നന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ അതിന്റെ പുതുമ നിലനിര്‍ത്തിക്കൊണ്ട് അന്നേദിവസം തന്നെ ഉപഭോക്താക്കളില്‍ മൊബൈല്‍ വാഹനത്തിന് എത്തിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തിലുള്ള രാസപദാര്‍ഥങ്ങള്‍ മത്സ്യവിഭവങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ മത്സ്യങ്ങളും മത്സ്യ വിഭവങ്ങളുമാണ് സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള അന്തിപ്പച്ച മൊബൈല്‍ യൂനിറ്റ് വഴി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പി ടി എ റഹീം എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകള്‍, മത്സ്യ കട്‌ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തിപ്പൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യ കറിക്കൂട്ടുകള്‍, ഫ്രൈ മസാല എന്നിവയും അന്തിപ്പച്ച വാഹനത്തില്‍ ലഭ്യമാക്കും. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്‍മയും ശുചിത്വവും അന്തിപ്പച്ച യൂണിറ്റ് ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി ടി എ റഹീം എംഎല്‍എ പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് ഓപണ്‍ എയര്‍ സ്റ്റേജ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ അബൂബക്കര്‍, എന്‍ ശിയോലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷബ്‌ന റഷീദ്, യു സി പ്രീതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, കെ സുരേഷ് ബാബു, എം ധര്‍മ്മരത്‌നന്‍, എം എം സുധീഷ് കുമാര്‍, എം ബാബുമോന്‍, ടി പി സുരേഷ്, കെ ഭരതന്‍ മാസ്റ്റര്‍, അബ്ദുല്ല മാതോലത്ത്, കേളന്‍ നെല്ലിക്കോട്ട്, എ പി ഭക്തോത്തമന്‍ എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ വി കെ മോഹന്‍ദാസ് സ്വാഗതവും ജില്ലാ മാനേജര്‍ ഇ മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *