
തൃശൂർ: ഭാരത സർക്കാരിൻ്റെ കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 1 മുതൽ 30 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന “ഖേത് ബചാവോ അഭിയാൻ” പ്രചാരണ പരിപാടിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനവും കാർഷിക വികസന പദ്ധതികൾക്കുള്ള ഡിസ്ട്രിക്ട് എക്സ്റ്റൻഷൻ സെമിനാറും (DAESI-2026) തൃശൂരിൽ നടന്നു.
ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങ് തൃശൂർ എംപിയും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കൃഷിഭൂമിയെയും മണ്ണിൻ്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതിലൂടെ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഖേത് ബചാവോ അഭിയാൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണിൻ്റെ ഫലഭൂയിഷ്ഠത നിലനിർത്തുക, രാസവളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക, ശാസ്ത്രീയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്നിവ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങളില്‍ നിന്ന് ചെടികള്‍ 36 ശതമാനം മാത്രമാണ് അവക്ക് വേണ്ടുന്ന വളങ്ങള്‍ വലിച്ചെടുക്കുന്നത്. ബാക്കി വരുന്ന സംയുക്തങ്ങള്‍ ഭൂമിയെ മലിനമാക്കുകയാണ് ചെയ്യുന്നത് എന്ന് അടാരി സോണ്‍ പതിനൊന്നിന്റെ ഡയറക്ടറായ എം പ്രഭാകര്‍ പറഞ്ഞു. രാസവളങ്ങളില്‍ കൂടുതലായുള്ള മീഥേനും നൈട്രസ് ഓക്‌സൈഡും ഭൂതലത്തിലേക്ക് പ്രവേശിക്കുന്നത് വഴി ഭൂമിയിലെ ചൂട് വര്‍ധിക്കാനും അതുവഴി ആഗോളതാപനമെന്ന പ്രതിഭാസത്തിനും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യും. മീഥേന്‍, നെട്രസ് ഓക്‌സൈഡ് എന്നിവ ഹരിതഗൃഹ വാതകങ്ങളെന്നാണ് അറിയപ്പെടുന്നത്. ഭൂമിയില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഇത്തരം പദാര്‍ത്ഥങ്ങള്‍ മനുഷ്യനിര്‍മ്മിതവും ഓസോണ്‍ ശോഷണത്തിന് കാരണമാകുന്നതുമാണെന്ന് പ്രഭാകര്‍ വിശദീകരിച്ചു.

ഡല്‍ഹിക്കടുത്തുള്ള സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള കച്ചി തുടങ്ങിയവ കത്തിക്കുന്നത് കൊണ്ടുള്ള പുകയാണ് ഡല്‍ഹിയിലെ വായു മിലീനകരണത്തിന് പ്രധാന കാരണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിരന്തരം രാസവളങ്ങളും, രാസകീടനാശിനികളും ഉപയോഗിച്ച് അത് സ്വാംശീകരിച്ച ചെടികള്‍ പിന്നീട് കത്തിക്കുന്നത് വഴി മനുഷ്യന് ആപത്തായി മാറുകയാണ്. അതാണ് ഡല്‍ഹിയിലെ മലിനമാക്കപ്പെട്ട വായുവിന്റെ പ്രധാനകാരണം. അല്ലാതെ ദീപാവലിക്കോ, ദസ്‌റക്കോ പടക്കം പൊട്ടിക്കുന്നതല്ലെന്നും ഇത്തരം ആചാരങ്ങളെ മലിനീകരണവുമായി ബന്ധപ്പെടുത്തുന്നത് ദുഷ്ടലാക്കുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ട് കൃഷിയിടങ്ങള്‍ കത്തിക്കുന്നത് തടയുന്നില്ല എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അതിലേക്ക് ചോദ്യം ഉന്നയിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. മണ്ണിലേക്ക് കൂടുതല്‍ നൈട്രജന്‍ സംഭരിക്കുന്നതിനായി പച്ചിലവളങ്ങള്‍ ഉപയോഗിക്കണമെന്നും നമ്മുടെ വരുംതലമുറകളെ സംരക്ഷിക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 90 വര്‍ഷക്കാലത്തോളം ഭൂമിയില്‍ നിലനില്‍ക്കുന്ന ഇത്തരം രാസവസ്തുക്കള്‍ മൂലം മനുഷ്യന് ആപത്തുണ്ടാക്കുന്ന സാഹചര്യങ്ങളെ നാം മറികടക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ കാർഷിക തലത്തിൽ ജേതാവായ സമ്മിശ്ര കർഷകൻ ജോൺ കുര്യനെ ചടങ്ങിൽ സുരേഷ് ഗോപി പൊന്നാടയണിയിച്ച് ആദരിച്ചു.

അരിമ്പൂരിലെ ജൈവകർഷകയും അധ്യാപികയുമായ രേഖ സജി, തലൂരിലെ ജൈവകർഷകൻ രാമൻ പറമ്പത്ത്, പെരിങ്ങോട്ടുകര താന്നിയത്തെ ജൈവ കർഷക സീന ജയശീലൻ, ജൈവ കർഷകയും, മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച താന്നിയത്തെ ലീല അശോകൻ, പച്ചക്കറി കർഷകൻ ഉണ്ണികൃഷ്ണൻ വടക്കുഞ്ചേരി, ചങ്ങാലിക്കോടൻ വാഴ കർഷകയായ സുനിത മൈലാങ്കുളം, രക്തശാലി അടക്കമുള്ള നെൽ കൃഷി ചെയ്യുന്ന രാജേന്ദ്രൻ എംവി, കോൾ കൃഷിയിലൂടെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പുല്ലരി പാടശേഖര പ്രസിഡൻ്റ് ഗോപിനാഥൻ കുളങ്ങാട്ട്, അന്നമനട പഞ്ചായത്തിലെ നെല്ല്, പശു സംയോജിത കർഷകനായ സലിം കെ എം, സംയോജിത കർഷകനായ കെകെ സുബ്രഹ്മണ്യം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അടാരി സോൺ പതിനൊന്നിൻ്റെ ഡയറക്ടർ ഡോ. എം. പ്രഭാകർ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. മേരി റെജിനി, ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ബിനു പി. ബോണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീമതി നിബി ഫ്രാൻസിസ്, ആത്മ പ്രോജക്ട് ഡയറക്ടർ ജയകുമാർ പി.എം, പുഴക്കൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതീഷ് വി.എൻ. എന്നിവർ സംസാരിച്ചു.

അഡ്വ. ബി ഗോപാലകൃഷ്ണൻ, നിവേദിത സുബ്രഹ്മണ്യൻ, ജസ്റ്റിൻ ജേക്കബ്, പാടശേഖരസമിതി അദ്ധ്യക്ഷൻമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കർഷകരിൽ മണ്ണ് സംരക്ഷണത്തെയും സുസ്ഥിര വളപ്രയോഗത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിവിധ ക്ലാസുകൾ, സംവാദങ്ങൾ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകരും കാർഷിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.




