Kerala News

ശബരിമല അയ്യപ്പ സേവാ സമാജം പുതിയ ചെയർമാനായി ആർ മുരുകൻ സെൽവനെ തെരഞ്ഞെടുത്തു

കൊച്ചി: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ (SASS) പുതിയ ദേശീയ ചെയർമാനായി ആർ. മുരുകൻ സെൽവനെ (കരാട്ടെ മുരുകൻ) ഏകകണ്ഠമായി തെരഞ്ഞെടുത്തു. ജൂൺ 7-ന് ചേർന്ന പ്രത്യേക ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത കായികതാരവും എഴുത്തുകാരനും സംരംഭകനുമാണ് മുരുകൻ സെൽവൻ.

മുൻ ദേശീയ ചെയർമാൻ എസ്. ജെ. ആർ. കുമാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. മുതിർന്ന ട്രസ്റ്റിയും അന്നദാന കമ്മിറ്റി ചെയർമാനുമായ ടി. ബി. ശേഖർ ആണ് മുരുകൻ സെൽവൻ്റെ പേര് നിർദ്ദേശിച്ചത്. യോഗത്തിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങളും ഈ നിർദ്ദേശത്തെ ഐകകണ്ഠേന പിന്തുണയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സമാജത്തിൻ്റെ വർക്കിംഗ് ചെയർമാനായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കരാട്ടെ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മുരുകൻ സെൽവന് കായികരംഗത്തെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ആർഎസ്എസ് മുതിർന്ന നേതാവ് എസ്. സേതുമാധവൻ, വി. കെ. വിശ്വനാഥൻ, എ. ആർ. മോഹനൻ, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഈറോഡ് രാജൻ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *