കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും.
കായിക മേള ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ്, മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, വി. അബ്ദുറഹിമാൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, കെ. ബി. ഗണേഷ്‌കുമാർ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ. എ. റഹീം, എം.എൽ.എമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, വി. ജോയി, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, വി. ശശി, ഒ.എസ്. അംബിക, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, എം. വിൻസെന്റ്, കെ. ആൻസലൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്, ജില്ലാ കളക്ടർ അനുകുമാരി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ കായികമേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായികമേള എന്ന നിലയിൽ ശ്രദ്ധേയമാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളും ഗൾഫ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകളും ഉൾപ്പെടെ ഏകദേശം കാൽ ലക്ഷത്തോളം കൗമാര താരങ്ങൾ എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കും.





