India Medical News

അസമിൽ പ്രളയബാധിതരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ

ഗുവാഹത്തി: ഈ വർഷത്തെ പ്രളയത്തിൽ മരണമടയുകയോ കാണാതാകുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള മാനദണ്ഡങ്ങളിൽ അസം സർക്കാർ ഇളവ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നിലവിലെ സഹായത്തിന് പുറമെ അധികമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നതിന് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ ആ നിബന്ധന ഒഴിവാക്കി സർക്കിൾ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് മാത്രം മതിയാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

“ബന്ധുക്കൾക്ക് ധനസഹായം ലഭിക്കാൻ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കുകയായിരുന്നു പതിവ്. ഇനി ആ വ്യവസ്ഥ ഒഴിവാക്കുകയാണ്. സർക്കിൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതിയാകും,” മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച സംഭാവനകൾ ഉപയോഗിച്ച് പ്രളയ ബാധിഥ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇടക്കാല സാമ്പത്തിക സഹായം നൽകാനും സർക്കാർ തീരുമാനിച്ചു.

പ്രളയബാധിതർക്ക് വേഗത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുകയും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനങ്ങളെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *