ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി (RAC) ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ ഒരു ഭാഗം തിരികെ നൽകണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ. കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ആർഎസി യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദേശം. ആർഎസി സംവിധാനത്തിൽ ഒരു ബർത്ത് രണ്ട് യാത്രക്കാർക്കായി പങ്കിടുന്നതിനാൽ കിടന്ന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, കൺഫേംഡ് ടിക്കറ്റുള്ളവരെപ്പോലെ മുഴുവൻ തുകയും ആർഎസി യാത്രക്കാർ അടയ്ക്കേണ്ടിവരുന്നത് നീതിയല്ലെന്ന് സമിതി വിലയിരുത്തി. അതിനാൽ പകുതി സീറ്റ് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന സാഹചര്യത്തിൽ ടിക്കറ്റ് തുകയുടെ പകുതി യാത്രക്കാർക്ക് റീഫണ്ട് നൽകണമെന്ന് റെയിൽവേ കൺവെൻഷൻ കമ്മിറ്റി ശുപാർശ ചെയ്തു.
അതേസമയം, സ്ലീപ്പർ ക്ലാസ് കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന പ്രവണത സാധാരണക്കാരായ യാത്രക്കാരെ ഗൗരവമായി ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നും യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ആവശ്യമായ പരിഷ്കാരങ്ങൾ റെയിൽവേ കൊണ്ടുവരണമെന്നും പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.





