Kerala News

വഴുതക്കാട്ടെ കാർ അപകടം: നടൻ മണിയൻപിള്ള രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന കാർ–ബൈക്ക് അപകടത്തിൽ നടൻ മണിയൻപിള്ള രാജു രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ബൈക്ക് വളരെ വേഗത്തിൽ കാറിൽ വന്നിടിച്ചതിനെ തുടർന്ന് ഭയന്നുപോയതിനാലാണ് വാഹനം നിർത്താതെ പോയതെന്നും, കാർ ഓടിച്ചിരുന്നത് താനാണെന്നും രാജു വ്യക്തമാക്കി. ഒരു ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണക്കും സൂരജിനും പരിക്കേറ്റു.

അപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎൽ 01 സി ജെ 04 നമ്പർ കാറാണ് അപകടത്തിൽ ഉൾപ്പെട്ടത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. രജിസ്ട്രേഷൻ രേഖകളിൽ കാർ ഉടമ സുധീർകുമാർ രാജു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്, ഇത് നടന്റെ യഥാർത്ഥ പേരാണെന്ന് പൊലീസ് അറിയിച്ചു. നടൻ ഇന്ന് രാവിലെ 9.30ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *