Culture India Kerala News Politics

സ്വാതന്ത്ര്യദിനത്തിന് ആശംസകളുമായി രാഷ്ട്രപതി; 2047ൽ വികസിത ഭാരതം ലക്ഷ്യം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൻ്റെ തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2047ലെ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തോടെ വികസിത ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമാണ് ത്രിവർണമെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു.

വിദ്യാർത്ഥികൾ, അധ്യാപകർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, കർഷകർ, തൊഴിലാളികൾ, കായികതാരങ്ങൾ, കലാകാരൻമാർ, സംരംഭകർ, സിവിൽ സർവീസുകാർ, സാമൂഹിക പ്രവർത്തകർ, പൊലീസ്, സായുധസേനാംഗങ്ങൾ തുടങ്ങി രാജ്യനിർമാണത്തിൽ സംഭാവന നൽകുന്ന എല്ലാവരെയും രാഷ്ട്രപതി അഭിനന്ദിച്ചു.

അന്ത്യോദയ എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിൽ വികസനത്തിൻ്റെ നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കണമെന്നും അവർ പറഞ്ഞു. രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകവും സ്വാതന്ത്ര്യസമരത്തിൻ്റെ മൂല്യങ്ങളും ഉൾക്കൊണ്ട് ആധുനിക വികസനത്തിലേക്ക് മുന്നേറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യസമരത്തിൽ വ്യത്യസ്ത ആശയങ്ങളുള്ളവർ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചുനിന്നതും രാഷ്ട്രപതി അനുസ്മരിച്ചു. മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് 14ന് ആചരിക്കുന്ന വിഭജന വിഭീഷിക സ്മൃതി ദിവസ് ദിനത്തിൽ വിഭജനകാലത്തെ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും രാഷ്ട്രപതി അനുസ്മരിച്ചു. ദുരന്തങ്ങൾക്കിടയിലും തങ്ങളുടെ സ്വത്വം കൈവിടാതെ മുന്നേറിയവരുടെ ധൈര്യത്തെയും അവർ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *