ന്യൂഡൽഹി: എൻവിഎസ്-03 നാവിഗേഷൻ ഉപഗ്രഹവുമായി ജിഎസ്എൽവി-എഫ്18 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് (NavIC) കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ ദൗത്യം നിർണായക ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളോടെയാണ് എൻവിഎസ്-03 ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകുമെന്നും ജനങ്ങൾക്ക് പ്രയോജനകരമായ നാവിഗേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സമർപ്പണത്തെയും മികവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. അവരുടെ തുടർച്ചയായ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമാണെന്നും മോദി എക്സിൽ കുറിച്ചു.





