
ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശനപുണ്യം നേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇന്നു വൈകിട്ട് മൂന്നേമുക്കാൽ മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്രദർശനം. വാഹനത്തിൽ തെക്കേ നട ശ്രീവത്സം അതിഥിമന്ദിരത്തിന് മുന്നിലിറങ്ങിയ അദ്ദേഹം നടപ്പന്തലിലൂടെ കാൽനടയായി ക്ഷേത്രത്തിലെത്തി.

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ
എന്നിവർ ചേർന്ന് ചീഫ് ജസ്റ്റിസിനെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശീവേലി എഴുന്നള്ളിപ്പ് നേരത്തായിരുന്നു അദേഹം ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ശീവേലി ദർശനം നടത്തി. പിന്നീട് നാലമ്പലത്തിലെത്തി ദർശന സായുജ്യം നേടി.

ശീവേലി എഴുന്നള്ളിപ്പിനെത്തിയ ദേവസ്വം ഗജവീരൻമാർക്ക് ചീഫ് ജസ്റ്റിസ് പഴം സമ്മാനിച്ചു. കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയുമടക്കുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും ചീഫ് ജസ്റ്റിസിന് നൽകി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഓടക്കുഴലൂതുന്ന കണ്ണൻ്റെ ലോഹ ശിൽപം
ചീഫ് ജസ്റ്റിസിൻ്റെ പത്നിക്ക് നൽകി. നാലരയോടെയാണ് ക്ഷേത്ര ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങിയത്.




