
ഏക്താനഗർ: രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി ഗുജറാത്തിലെ നർമദ ജില്ലയിലുള്ള ഏക്താനഗറിലെ റെയിൻ ഫോറസ്റ്റും വാമൻ വൃക്ഷവാടികയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം.
ദിവസത്തിന്റെ തുടക്കത്തിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സർദാർ പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. തുടർന്ന് 426 കോടിയിലധികം രൂപയുടെ 31 വിനോദസഞ്ചാര, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഇതിൽ 307 കോടിയിലധികം രൂപ ചെലവിൽ പൂർത്തിയാക്കിയ 23 പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 118 കോടിയിലധികം രൂപയുടെ എട്ട് പദ്ധതികൾക്കാണ് തറക്കല്ലിട്ടത്.

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ് 12 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റെയിൻ ഫോറസ്റ്റ്. കൃത്രിമ മഴയുൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ മഴക്കാടുകളുടെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. കാടിന്റെ മുകളിലൂടെ നടക്കാൻ സൗകര്യമുള്ള വൃത്താകൃതിയിലുള്ള ഗ്ലാസ് സ്കൈവാക്കാണ് ഇവിടുത്തെ പ്രധാന ആകർഷണം. 14 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയുമായി ബന്ധപ്പെട്ട മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ വാമൻ വൃക്ഷവാടികയും പ്രധാനമന്ത്രി സന്ദർശിച്ചു.

ഐആർസിടിസി ഹോട്ടൽ, ഏകത ക്രൂയിസ്, ഇക്കോ ട്രെയിൽ എന്നിവയാണ് ഉദ്ഘാടനം ചെയ്ത മറ്റ് പ്രധാന പദ്ധതികൾ. ഗോറ-ഭാന്ദ്ര റോഡ്, സ്മാർട്ട് സീറോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി, സംയോജിത കാക്ടസ് ആൻഡ് ബട്ടർഫ്ലൈ ഗാർഡൻ എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
വൈകിട്ട് നടക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളുടെ വിവിധ വിഭാഗങ്ങൾ അണിനിരക്കുന്ന ഏകതാ പരേഡ് പരിപാടിയുടെ ഭാഗമായിരിക്കും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ‘നക്സൽ മുക്ത് ഭാരത്’ എന്ന വിഷയത്തിൽ രണ്ടായിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന നാടകാവതരണവും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം കലാകാരന്മാർ അണിനിരക്കുന്ന ‘വന്ദേമാതരം’ പ്രമേയത്തിലുള്ള സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.


