ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം കൂടാതെയാണ് ലോക്‌സഭ പാസാക്കിയത്. നന്ദി പ്രമേയത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി ഇന്നലെ സഭയിൽ എത്തുമെന്നായിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ തുടർച്ചയായി തടസ്സപ്പെട്ടതിനാൽ പ്രധാനമന്ത്രി ലോക്‌സഭയിൽ എത്തിയിരുന്നില്ല.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്പീക്കർ തടഞ്ഞതോടെയാണ് സഭയിൽ സംഘർഷം ഉടലെടുത്തത്. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ കടലാസ് കീറി, നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു.





