തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട്. കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ പദ്ധതികളും അറിയാൻ 104 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാവുന്ന പ്രത്യേക പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് പദ്ധതി ലോഞ്ച് ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
കുട്ടികളുടെ ആരോഗ്യം സംസ്ഥാന സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന മേഖലയാണെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയെക്കാൾ പോലും കുറഞ്ഞ ശിശുമരണ നിരക്കാണ് കേരളത്തിനുള്ളത്. ഇത് സംസ്ഥാനത്തിന്റെ ശക്തമായ ആരോഗ്യ സംവിധാനത്തിന്റെ പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയെക്കുറിച്ച് രക്ഷിതാക്കൾക്ക് പലപ്പോഴും സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഈ സംശയങ്ങൾ തീർക്കാനും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കാനുമാണ് 104 ഹെൽപ്‌ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് ഹൃദ്യം പദ്ധതി വഴി സൗജന്യ ഹൃദ്രോഗ ചികിത്സ, മജ്ജമാറ്റിവയ്ക്കൽ, സ്കോളിയോസിസ് സർജറി പോലുള്ള സങ്കീർണ ശസ്ത്രക്രിയകൾ, ശ്രുതിതരംഗം, അപൂർവ രോഗങ്ങൾക്ക് രാജ്യത്തിന് മാതൃകയായ കെയർ പദ്ധതി തുടങ്ങിയവ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. ഈ എല്ലാ പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിൽ 104 നമ്പർ വലിയ സഹായമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.





