ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനം തകര്‍ത്ത് അമേരിക്ക. ഇറാനിലെ മഷദ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന വിമാനത്തിന് നേരെയാണ് അമേരിക്കയുടെ ആക്രമണം ഉണ്ടായത്. മാനുഷിക സഹായം ലഭിക്കാനായി ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനമായിരുന്നു ആക്രമത്തില്‍പ്പെട്ടത്. മരുന്നും മെഡിക്കല്‍ സാധനങ്ങളും ശേഖരിക്കാനായി ഡല്‍ഹിയിലേക്ക് നാളെ പുലര്‍ച്ചെ 4ന് എത്തേണ്ട വിമാനമായിരുന്നു ഇത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹന്‍ എയറിന്റേതാണ് ഈ വിമാനം.
അന്താരാഷ്ട്രാ നിയമങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാണ് ഈ ആക്രമണമെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതിയുടെ കാര്യാലയം അറിയിച്ചു. അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് അന്താരാഷ്ട്രാ സ്ഥാപനങ്ങള്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും ഇറാനിലെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.
അതെസമയം യുദ്ധത്തിൻ്റെ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാനാണ് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ തീരുമാനം. ഇതിനായി യുദ്ധത്തിൻ്റെ സാമ്പത്തികഭാരം താങ്ങാന്‍ പശ്ചിമേഷ്യയിലുള്ള അറബ് രാജ്യങ്ങളുടെ സഹായവും അമേരിക്ക തേടിയിട്ടുണ്ട്.
എന്നാല്‍ യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം നല്‍കാതെ യുദ്ധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ഇറാൻ്റെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സന്‍ റെസായി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്.





