India News

ഒഡിഷയിൽ അത്ഭുത രക്ഷപ്പെടൽ; പ്രളയജലത്തിൽ അഞ്ച് ദിവസം പനമരത്തിൽ പിടിച്ചുകിടന്ന് യുവാവ്

ഭദ്രക്: ഒഡിഷയിലെ ഭദ്രക് ജില്ലയിൽ പ്രളയജലത്തിൽ ഒഴുകിപ്പോയ യുവാവിനെ അഞ്ച് ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. പ്രളയജലത്തിനിടയിൽ പനമരത്തിൽ പിടിച്ചുകിടന്നാണ് ഇദ്ദേഹം അഞ്ച് ദിവസം അതിജീവിച്ചതെന്ന് അധികൃതർ അറിയിച്ചു.

ധാംനഗർ ബ്ലോക്കിലെ അർജുൻപൂർ ഗ്രാമപഞ്ചായത്തിൽ ബാലിപട്ടണ ഗ്രാമവാസിയായ സുനന്ദ ബെഹേരയാണ് രക്ഷപ്പെട്ടത്. പോച്ചാര നദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതാകുകയായിരുന്നു.

ഗ്രാമവാസികൾ ദിവസങ്ങളായി നടത്തിയ തിരച്ചിലിലും ബെഹേരയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇയാൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷ കുടുംബത്തിനും നാട്ടുകാർക്കും നഷ്ടപ്പെട്ടിരുന്നു.

ചൊവ്വാഴ്ച ബജാപതി പാടശേഖരത്തിലൂടെ വള്ളത്തിൽ സഞ്ചരിച്ചിരുന്ന ചില ഗ്രാമവാസികളാണ് പ്രളയജലത്തിനിടയിൽ പനമരത്തിൽ പിടിച്ചുകിടക്കുന്ന ഒരാളെ കണ്ടത്. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് അഞ്ച് ദിവസമായി കാണാതായ സുനന്ദ ബെഹേരയാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് ഗ്രാമവാസികൾ ബെഹേരയെ സുരക്ഷിതമായി കരയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *