Culture Education Entertainment India News Politics

കശ്മീർ സ്കൂളിലെ പെൺകുട്ടികളുടെ നൃത്തപരിപാടി; വഖഫ് ബോർഡിനെതിരെ സൈറ വസീം രംഗത്ത്

ന്യൂ ഡൽഹി: കശ്മീരിലെ വഖഫ് ബോർഡിന് കീഴിലുള്ള സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുൻ നടി സൈറ വസീം വിമർശനവുമായി രംഗത്ത്.

സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വഖഫ് ബോർഡ് പോലുള്ള മതസ്ഥാപനം ഇത്തരം പരിപാടികളുമായി സഹകരിക്കേണ്ടതുണ്ടോയെന്ന് സൈറ ചോദിച്ചത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെയല്ല, മറിച്ച് പരിപാടി സംഘടിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്ത സ്ഥാപനത്തിന്റെ തീരുമാനത്തെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

പൊതുപരിപാടികളിൽ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, പങ്കെടുപ്പിക്കുന്നതിനുള്ള പ്രധാന മാർഗമായി നൃത്തം തന്നെ തിരഞ്ഞെടുക്കുന്നതെന്തുകൊണ്ടാണെന്നും സൈറ ചോദിച്ചു. കുട്ടികൾക്ക് പഠിക്കാനും സർഗാത്മകമായി ഇടപെടാനും ചർച്ചകളിൽ പങ്കെടുക്കാനും സമൂഹത്തിന് സംഭാവന നൽകാനും കൂടുതൽ അവസരങ്ങൾ നൽകുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

വഖഫ് ബോർഡിന് കീഴിലുള്ള കശ്മീരിലെ ഒരു സ്കൂളിൽ നിന്നുള്ളതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന വീഡിയോയാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിവിധ അഭിപ്രായങ്ങൾ ഉയരുന്നതിനിടെ വഖഫ് ബോർഡ് ചെയർപേഴ്സൺ ദരക്ഷൻ ആൻഡ്രാബി സൈറയുടെ വിമർശനത്തോട് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സൈറ വസീം 2019ൽ അഭിനയരംഗത്തുനിന്ന് പിന്മാറിയിരുന്നു. മതവിശ്വാസങ്ങളും അഭിനയജീവിതവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണമായി അവർ അന്ന് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *