
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (എഐഐഎ) 16 ദിവസത്തെ സ്വച്ഛത ഹി സേവ (എസ്എച്ച്എസ്) ക്യാമ്പയിൻ 2026 ഒക്ടോബർ 2ന് സമാപിച്ചു. സ്വാസ്ഥവൃത്ത ആൻഡ് യോഗ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പയിൻ.
ശുചിത്വം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ക്യാമ്പയിൻ. സമാപന ദിവസത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങളും സ്വച്ഛത പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ശുചിത്വ പരിപാലനത്തിൽ തുടർച്ചയായ സംഭാവനകൾ നൽകിയ സഫായി മിത്രമാരെ ചടങ്ങിൽ ആദരിച്ചു.
‘ഏക് പേൾ മാ കേ നാം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. മാലിന്യങ്ങളുടെ തരംതിരിക്കൽ, ഗാർഹിക കമ്പോസ്റ്റിങ്, 3R (Reduce, Reuse, Recycle) ആശയം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബോധവത്കരണ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടത്തി.
ഒക്ടോബർ 31 വരെ തുടരുന്ന സ്പെഷ്യൽ ക്യാമ്പയിൻ 6.0ന്റെ ഭാഗമായി ശുചിത്വവും മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളും തുടരുമെന്ന് എഐഐഎ അറിയിച്ചു.




