കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അധികാര കേന്ദ്രീകരണത്തിനും, അതിനേക്കാൾ ഭീകരമായ ജനദ്രോഹ നടപടികൾക്കും നേതൃത്വം നൽകിയ പിണറായി വിജയൻ എന്ന ഭരണാധികാരി ഒടുവിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടിരിക്കുന്നു. ജനകീയതയുടെ മുഖംമൂടിയണിഞ്ഞ് അധികാരത്തിലേറുകയും, പിന്നീട് അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത ഒരു സ്വേച്ഛാധിപതിയുടെ പതനമാണ് രണ്ടാം പിണറായി സർക്കാരിന്റെ അന്ത്യത്തോടെ നാം കാണുന്നത്. സ്വന്തം പാർട്ടി അണികൾ പോലും ‘പിണറായി വേണ്ട’ എന്ന് പരസ്യമായി വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത് ഇദ്ദേഹം നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങളുടെയും കുടുംബവാഴ്ചയുടെയും സ്വാഭാവികമായ പരിസമാപ്തിയാണ്.പിണറായി വിജയന്റെ ഭരണം കേരളത്തെ എത്തിച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്കാണ്. ഖജനാവ് കാലിയാക്കി മുടിപ്പിച്ചും, പൊതുമുതൽ സ്വന്തം കുടുംബാംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും കൊള്ളയടിക്കാൻ വിട്ടുകൊടുത്തുമാണ് ഈ ഭരണകൂടം മുന്നോട്ട് പോയത്. സാധാരണക്കാരൻ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുമ്പോഴും, പെൻഷൻ ലഭിക്കാതെ വൃദ്ധർ തെരുവിലിറങ്ങി ഇരക്കുമ്പോഴും, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ആഡംബരങ്ങൾക്കും വിദേശയാത്രകൾക്കും വേണ്ടി കോടികളാണ് ഖജനാവിൽ നിന്ന് ഒഴുക്കിയത്. മാസപ്പടി വിവാദത്തിലൂടെയും കരിമണൽ കർത്തയുമായുള്ള അവിശുദ്ധ ബന്ധത്തിലൂടെയും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട അഴിമതികൾ പുറത്തുവന്നപ്പോൾ, അത് വ്യക്തിപരമായ ആരോപണമല്ല മറിച്ച് ഭരണകൂടം തന്നെ ഒരു മാഫിയ സംഘമായി മാറിയതിന്റെ തെളിവായിരുന്നു.ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുക എന്ന കിരാത ശൈലിയാണ് ഇക്കാലമത്രയും പിണറായി വിജയൻ പയറ്റിയത്. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും, കരിങ്കൊടി കാണിക്കുന്നവരെ പോലും ജയിലിലടയ്ക്കുകയും ചെയ്ത രീതി ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ല.
‘ഇരട്ടച്ചങ്കൻ’ എന്ന പദപ്രയോഗം വെറും പിആർ വർക്ക് മാത്രമാണെന്നും, സത്യത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമുള്ള, ആയിരക്കണക്കിന് പോലീസുകാരുടെ അകമ്പടിയില്ലാതെ തെരുവിലിറങ്ങാൻ ധൈര്യമില്ലാത്ത ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹമെന്ന് ഓരോ ദിവസവും തെളിയിക്കപ്പെട്ടു. പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങൾ നല്കിയ സംഭാവനകൾ പോലും വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണം ഈ സർക്കാരിന്റെ ധാർമ്മിക തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.കെ-ഫോൺ, എഐ ക്യാമറ, ലൈഫ് മിഷൻ തുടങ്ങിയ ഓരോ പദ്ധതികളിലും അഴിമതിയുടെ കറ പുരണ്ടിരിക്കുന്നു. പാവപ്പെട്ടവന് വീട് നൽകാനുള്ള പദ്ധതിയിൽ പോലും കമ്മീഷൻ അടിച്ചുമാറ്റുന്ന ക്രൂരതയാണ് നാം കണ്ടത്. യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോൾ പിൻവാതിൽ നിയമനങ്ങളിലൂടെ സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റി സർക്കാർ സർവീസിനെ സി.പി.എം ഓഫീസാക്കി മാറ്റി. ഇത്രയൊക്കെ തിരിച്ചടികൾ നേരിട്ടിട്ടും, പാർട്ടി പരാജയപ്പെടുമ്പോഴും തന്റെ ശൈലി മാറ്റില്ലെന്ന ധിക്കാരപരമായ നിലപാടാണ് പിണറായി വിജയനെ ഒരു ജനവിരുദ്ധനായി മുദ്രകുത്താൻ പ്രധാന കാരണം. പത്തനംതിട്ടയിലെ പാർട്ടി യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ കേവലം ഒരു പ്രാദേശിക പ്രതികരണമല്ല, മറിച്ച് കേരളം മുഴുവൻ പുകയുന്ന ജനവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ്.സ്വന്തം പാർട്ടിക്കുള്ളിലെ ജനാധിപത്യം പോലും ഇല്ലാതാക്കിയ പിണറായിസം, സി.പി.എം എന്ന പ്രസ്ഥാനത്തെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിക്ക് പോലും മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ഒരു കുടുംബത്തിന് വേണ്ടി മാത്രം ഭരിക്കുകയും, ഖജനാവ് സ്വന്തം പോക്കറ്റായി കാണുകയും ചെയ്ത ഈ ഭരണകാലം കേരള ചരിത്രത്തിലെ ഏറ്റവും വലിയ ശാപമായി രേഖപ്പെടുത്തപ്പെടും. അധികാരം ശാശ്വതമാണെന്ന വ്യാമോഹത്തിൽ ജനങ്ങളെ ചവിട്ടിമെതിക്കുന്നവർക്കുള്ള മറുപടി വരാനിരിക്കുന്ന നാളുകളിൽ കേരളത്തിലെ ജനങ്ങൾ നൽകുക തന്നെ ചെയ്യും. വികസനത്തിന്റെ പേരിൽ പ്രകൃതിയെയും, ജനക്ഷേമത്തിന്റെ പേരിൽ സമ്പദ്‌വ്യവസ്ഥയെയും തകർത്ത പിണറായി വിജയൻ എന്ന ഭരണാധികാരി വിചാരണ ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുതിയ നേതൃത്വം ചുമതലയേൽക്കുമ്പോൾ കേരളം ആഗ്രഹിക്കുന്നത് കൊള്ളയടിക്കപ്പെട്ട ഖജനാവിന് കണക്കുപറയുന്ന, ജനങ്ങളെ ഭയക്കാത്ത സുതാര്യമായ ഒരു ഭരണമാണ്. പിണറായി വിജയൻ ബാക്കിവെച്ചുപോയത് തകർന്നടിഞ്ഞ ഒരു സംസ്ഥാനത്തെയാണ്, ആ തകർച്ചയിൽ നിന്ന് കേരളത്തെ വീണ്ടെടുക്കുക എന്നത് വരാനിരിക്കുന്ന ഭരണകൂടത്തിന്റെ വലിയ വെല്ലുവിളിയായിരിക്കും…





