Kerala News

വർഗ്ഗീയതയില്ലാത്ത കേരളത്തിന് നവോത്ഥാന സമിതിയുടെ ശക്തമായ ഇടപെടൽ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളം വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത സംസ്ഥാനമായി നിലകൊള്ളുന്നതിൽ കേരള നവോത്ഥാന സമതിക്കും അതിലെ വിവിധ സംഘടനകൾക്കും നിർണ്ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ചില വർഗ്ഗീയ സംഘടനകൾക്ക് ശക്തമായ സംഘടനാബലമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും, മതേതര മൂല്യങ്ങളും കർശനമായ സർക്കാർ നിലപാടുകളുമാണ് സംസ്ഥാനത്തെ വർഗ്ഗീയ സംഘർഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സമൂഹമെന്ന നിലയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും “സോദരത്വേന വാഴുക” എന്ന ആശയം നമ്മുടെ നാടിന്റെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സ്മരണകൾ വെറും ഓർമ്മകളായി ഒതുങ്ങാതെ സംസ്ഥാനത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കുമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവോത്ഥാന നായകർക്ക് സ്മൃതി മണ്ഡപങ്ങളും പഠന കേന്ദ്രങ്ങളും ഒരുക്കണമെന്ന സമിതിയുടെ ആവശ്യം പരിഗണിച്ച് ശ്രീനാരായണ ഗുരു, അയ്യൻകാളി, അയ്യാവൈകുണ്ഠ സ്വാമി, കാവാരിക്കുളം കണ്ടൻ കുമാരൻ, പാമ്പാടി ജോൺ ജോസഫ്, വർക്കല രാഘവൻ, കുഞ്ഞൻ വെളുമ്പൻ തുടങ്ങിയവർക്കായി സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മറ്റ് നവോത്ഥാന നായകരുടെ സ്മാരകങ്ങൾ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *