India Kerala News Politics

വിഭജന ദുരന്തം അനുസ്മരിച്ച്, ഐക്യത്തിനും സൗഹാർദത്തിനും ഊന്നൽ നൽകി ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ വിഭജനകാലത്ത് നേരിട്ട ദുരിതങ്ങൾ അനുസ്മരിക്കുമ്പോൾ രാജ്യത്ത് കൂടുതൽ ഐക്യവും സൗഹാർദവും ശക്തിപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു.

വിഭജന ഭീകരത അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഡൽഹി സർവകലാശാലയിലെ സെൻ്റർ ഫോർ ഇൻഡിപെൻഡൻസ് ആൻഡ് പാർട്ടിഷൻ സ്റ്റഡീസ്, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

‘ഇന്ത്യ വിഭജനം – കുടിയൊഴിപ്പിക്കലിൻ്റെയും വേർപിരിയലിൻ്റെയും പുനരധിവാസത്തിൻ്റെയും കഥ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണവും മനുഷ്യത്വരഹിതവുമായ അധ്യായങ്ങളിലൊന്നാണ് വിഭജനമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

വിഭജനത്തെ അനുസ്മരിക്കുന്നത് പഴയ മുറിവുകൾ വീണ്ടും തുറക്കാനല്ലെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പാഠങ്ങൾ ഉൾക്കൊള്ളാനാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജനകാലത്തെ അഭൂതപൂർവമായ കൂട്ട കുടിയേറ്റവും ജീവഹാനിയും അദ്ദേഹം അനുസ്മരിച്ചു.

വിഭജനത്തിൻ്റെ പ്രത്യാഘാതങ്ങൾ ഇന്നും ഇന്ത്യയുടെ പ്രതിരോധ നയം, ദേശീയ സുരക്ഷ, അയൽരാജ്യങ്ങളുമായുള്ള ബന്ധം എന്നിവയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023ൽ ഡൽഹി സർവകലാശാല ആരംഭിച്ച സെൻ്റർ ഫോർ ഇൻഡിപെൻഡൻസ് ആൻഡ് പാർട്ടിഷൻ സ്റ്റഡീസിൻ്റെ പ്രവർത്തനങ്ങളെ രാധാകൃഷ്ണൻ അഭിനന്ദിച്ചു. നൂറിലധികം വിഭജന അതിജീവിതരുടെ വാമൊഴി ചരിത്രങ്ങൾ കേന്ദ്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ വിഭജനത്തിൻ്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയും ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വേണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *