ഗുരുഗ്രാം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം ഗുരുഗ്രാമിലെ സെക്ടർ 67ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ശ്രീ വർധമാൻ മന്ത്ര സൊസൈറ്റിയിൽ സംഘർഷം ഉണ്ടായത്.
സെക്ടർ-65 പൊലീസിൽ നൽകിയ പരാതിപ്രകാരം, സൊസൈറ്റിക്ക് പുറത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുകയായിരുന്ന രണ്ട് സ്ത്രീകളെ ചില താമസക്കാർ ചേർന്ന് ആക്രമിച്ചുവെന്നാണ് ആരോപണം. തങ്ങളെ മർദിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തതായി സ്ത്രീകൾ പരാതിയിൽ പറയുന്നു.
സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് തടയുന്നതിനായി ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സ്ത്രീകൾ ആരോപിച്ചു.
സംഭവത്തിൽ പരാതി ലഭിച്ചതായും വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.





