പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെയു ജനീഷ് കുമാറിൻ്രെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. പാര്‍ട്ടി പ്രവര്‍ത്തകനായ ദാസ് പി ജോര്‍ജാണ് ചോദ്യമുന്നയിച്ചത്. വികസനത്തെകുറിച്ചും കേന്ദ്രഫണ്ട് ലഭിക്കാത്തതിനെ കുറിച്ചും ചോദിക്കാനായിരുന്നു ദാസ് വിചാരിച്ചത്. പക്ഷേ, മുഖ്യമന്ത്രിയുടെ മറുപടിയില്‍ തനിക്ക് വിഷമമില്ല എന്നും ദാസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് കൊണ്ടാണ് അങ്ങനെ ഉണ്ടായതെന്നും വികസന കാര്യങ്ങള്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ ആവേശം കൊണ്ട് ചോദിച്ചതാണെന്നും ദാസ് വ്യക്തമാക്കി.
അതെസമയം ‘വീട്ടില്‍ പോയി ചോദിക്കെന്ന്’ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ വിവാദമാക്കി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് ജനാധിപത്യ മര്യാദയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
പൊതുയോഗത്തില്‍ ചോദ്യം ചോദിച്ചാല്‍ മറുപടി ഇങ്ങനെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോന്നിയിലേത് പൊതുയോഗമായിരുന്നു. അവിടെ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. അത് പൊതുമര്യാദയുമല്ല. പൊതുയോഗത്തിന് അതിന്റേതായ മര്യാദ ഉണ്ട്. അത് പാലിച്ചില്ലെങ്കില്‍ ഇതുപോലെ മറുപടി ലഭിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മുമ്പ് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പ്രസംഗിക്കുമ്പോൾ ഇതുപോലെ വേദിയിൽ നിന്ന് ചോദ്യമുയരുകയും അതിന് മറുപടി പറയുന്ന വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ജനാധിപത്യപരമായി എങ്ങനെ പെരുമാറണമെന്ന് ഉദാഹരണമാക്കിയാണ് ഉമ്മൻചാണ്ടിയുടെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.





