ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവെന്ന നേട്ടം കൈവരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈസ് പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണന്‍ അഭിനന്ദനം അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ രാജ്യത്തിൻ്റെ വികസനയാത്രയില്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ കൈവരിച്ച ചരിത്ര നേട്ടമാണിതെന്ന് വൈസ് പ്രസിഡൻ്റ് വ്യക്തമാക്കി. ഇന്ത്യയുടെ പുരോഗതിയുടെ പുതിയ അധ്യായത്തെ പ്രതിഫലിപ്പിക്കുന്ന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇന്ത്യന്‍ ജനാധിപത്യത്തിൻ്റെ ചരിത്രത്തിലെ ഈ സുപ്രധാന നേട്ടം രാജ്യത്തെ ജനങ്ങളുടെ സ്‌നേഹത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും ഫലമാണെന്ന് മോദി പറഞ്ഞു. വികസിതവും സ്വയംപര്യാപ്തവും സമൃദ്ധവുമായ ഇന്ത്യയെ സൃഷ്ടിക്കാനുള്ള പ്രതിജ്ഞയുമായി കൂടുതല്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശിൻ്റെ ആശംസകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യസേവനത്തിനായി കൂടുതല്‍ അര്‍പ്പണബോധത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാണ് ഈ അവസരം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മന്ത്രവുമായി രാജ്യത്തിൻ്റെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ജവഹര്‍ലാല്‍ നെഹ്രുവിൻ്റെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയ സാഹചര്യത്തിലാണ് രാജ്യത്തെ ഉന്നത നേതാക്കളുടെ അഭിനന്ദന സന്ദേശങ്ങള്‍ എത്തിയത്.





