Kerala News Politics

മേയർ കാലത്തെ വികസനം വോട്ടാക്കാൻ രാജൻ ജെ. പല്ലൻ; പച്ചക്കറി-മത്സ്യ മാർക്കറ്റുകളിൽ ആവേശകരമായ സ്വീകരണം

തൃശൂർ : നഗരത്തിലെ പ്രധാന പച്ചക്കറി-മത്സ്യ മാർക്കറ്റുകളിൽ വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ. ഇന്ന് (2026 മാർച്ച് 24) പുലർച്ചെ മാർക്കറ്റിലെത്തിയ അദ്ദേഹം വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ട് പിന്തുണ തേടി. തൃശൂർ കോർപ്പറേഷൻ മേയറായിരുന്ന കാലയളവിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്.

പതിറ്റാണ്ടുകളായി മാർക്കറ്റിൽ അനുഭവിച്ചിരുന്ന ദുസ്സഹമായ ചെളിക്കും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കണ്ടത് രാജൻ ജെ പല്ലൻ കോർപ്പറേഷൻ മേയർ ആയിരുന്ന കാലത്തായിരുന്നു. മാർക്കറ്റിൻ്റെ അടിത്തട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത നടപടി വ്യാപാരികൾക്കിടയിൽ വലിയ ചർച്ചയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ താൻ കാണിച്ച ജാഗ്രത വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥി.

നഗരത്തിൻ്റെ ഹൃദയമിടിപ്പായ മാർക്കറ്റിലെ ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ സാധിച്ചത് വലിയ സംതൃപ്തി നൽകുന്നു. വികസനത്തിൻ്റെ തുടർച്ചയ്ക്കും നഗരത്തിൻ്റെ സമഗ്രമായ പുരോഗതിക്കും ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു.


കടകൾ തോറും കയറി വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് തൊഴിലാളികൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്. വികസന മുരടിപ്പിനെതിരെയും നഗരത്തിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ച അദ്ദേഹം, വരും വർഷങ്ങളിൽ തൃശൂരിനെ മാതൃകാ നഗരമാക്കുമെന്നും വാഗ്ദാനം നൽകി. യുഡിഎഫ് പ്രാദേശിക നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *