Kerala News

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു

നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു.
 
മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി എം.ബി രാജേഷ് തൃശ്ശൂരിലെത്തിയത്.  

നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ മുതലമട വില്ലേജില്‍ മീന്‍കര ഡാമിന് സമീപം ചമ്മണാംതോട് നിവാസികളായ 5 പേരാണ് മരണപ്പെട്ടത്. 6 പേര്‍ ചികിത്സയിലാണ്. കാളിയപ്പന്‍ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന്‍ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് മരിച്ചത്.

 അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മരണപ്പെട്ടവരില്‍ നാഗമ്മ, വിശ്വ എന്നിവരുടെ മൃദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാളിയപ്പന്‍, ജീവന്‍, ബംഗാരി എന്നിവരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.

ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാഭരണകൂടം സംഭവം നടന്നതു മുതല്‍ ആംബുലന്‍സില്‍ മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഫ്രീസര്‍ സൗകര്യമുള്ള ആംബലന്‍സും ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി പ്രത്യേകമായി കെഎസ്ആര്‍ടിസി ബസ്സും സജ്ജീകരിച്ചിരുന്നു. പാലക്കാട്ടേക്ക് പോയ ആംബുലന്‍സിനോടൊപ്പം റവന്യു സംഘവും പോലീസ് സംഘവും അനുഗമിച്ചു.

കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ലോറിയും ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്. അപകടത്തില്‍ പരിക്കുപറ്റിയവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അപകടം സംബന്ധിച്ച് പോലീസും എം.വി.ഡിയും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശാന്തകുമാരി, എം.സി ജ്യോതി, തൃശ്ശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, അഡി. തഹസില്‍ദാര്‍ നിഷ, തലപ്പിള്ളി തഹസില്‍ദാര്‍ കിഷോര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രാധിക എന്നിവരും മെഡിക്കല്‍ കോളേജിലെയും ജനറല്‍ ആശുപത്രിയിലെയും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *