Kerala News Politics

പ്രിയങ്കയുടേയും വിജയരാഘവൻ്റെയും മുന്നിലും പിന്നിലും വർഗീയ ശക്തികൾ: കെ.സുരേന്ദ്രൻ

പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ.വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വർഗീയ ശക്തികൾ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് വർഗീയ ശക്തികൾ ആണെന്നത് പുതിയ ഒരു കാര്യമല്ല. വിജയരാഘവന് ഇപ്പോൾ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാമെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും കേരളത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയരാഘവന്റെ പാർട്ടി പിഡിപിയുമായും ഐഎൻഎല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലർ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇവർ സഖ്യം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് ആവട്ടെ മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും പരസ്യ സഖ്യത്തിൽ ആണ്. സിപിഎമ്മിന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാൻ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവർ ഇത്തരം വെടികൾ പൊട്ടിക്കുന്നത്. ഇതിനൊന്നും പാർട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല. മെക് സെവനെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാൽ സിപിഎം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാൽ ജില്ലാ സെക്രട്ടറിക്ക് 24 മണിക്കൂർ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നിൽ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം അവരുടെ കേഡർമാരെ എങ്ങനെയെല്ലാം സഖാക്കൾ ആക്കി മാറ്റാം എന്നാണ് സിപിഎം ശ്രമിക്കുന്നത്. കൊല്ലത്തും ആലപ്പുഴയിലും സിപിഎമ്മിൽ കണ്ട വിഭാഗീയതയുടെ മൂല കാരണം ഇതുതന്നെയാണ്. പിഎഫ്ഐ അണികളെ പാർട്ടിയിൽ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സിപിഎമ്മിന്റെ മതനിരപേക്ഷത. വർഗീയശക്തികളോട് എന്ത് നിലപാട് എടുക്കണം എന്ന് പോലും സിപിഎമ്മിന് ധാരണ ഇല്ലാതായിരിക്കുന്നു. വലിയ ആശയ പാപ്പരത്തമാണ് സിപിഎം നേരിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകൾക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. സഹകരണ പ്രസ്ഥാനങ്ങൾ നിലനിൽക്കാൻ ആവശ്യമായ രീതിയിലായിരിക്കും ബിജെപിയുടെ പ്രക്ഷോഭങ്ങൾ. സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സഹകരണ കൊള്ളയിൽ എല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഉന്നതരായ സിപിഎം നേതാക്കളാണ്. എന്നാൽ സഹകരണ രംഗത്ത് വലിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ശുദ്ധീകരണത്തിനും കേന്ദ്രസർക്കാർ മുൻകൈയെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലെ സഹകരണ നിയമങ്ങൾ കേരളത്തിലും നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കേന്ദ്രസർക്കാരിനെതിരെ തിരിയുകയാണ് കേരളത്തിൽ എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്. കേരളത്തിന്റെ പുരോഗതിക്ക് എല്ലാ മേഖലയിലും സഹായം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 405 കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇത് സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ഇന്നുവരെ ഒരു കേന്ദ്രസർക്കാരും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഇത്രയും സഹായം ചെയ്തിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ തിരിഞ്ഞതും കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കുന്നതിലുള്ള അലംഭാവവും ആണ് ഇതിലും കൂടുതൽ സഹായം കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് തടഞ്ഞത്. എൻഇപിക്കെതിരെ കേരളത്തിൽ കള്ള പ്രചാരണമാണ് നടക്കുന്നത്. ദേശീയ വിദ്യാഭ്യാസം നയം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്നാണ് കേരളത്തിലെ ചിലർ പ്രചരിപ്പിക്കുന്നത്. സഹകരണ മേഖലയിൽ കേന്ദ്ര നയത്തിനെതിരെ എങ്ങനെയാണോ പ്രചരണം നടത്തിയത് അതേപോലെ തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും സംസ്ഥാന സർക്കാർ നടത്തിയത്. ഇത് കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വലിയ തടസ്സമാണ് സൃഷ്ടിച്ചത്. രാഷ്ട്രീയപാർട്ടിയുടെ ഓഫീസിൽ നിന്നും കത്ത് കൊടുത്താൽ വിസിമാരും സെനറ്റ് മെമ്പർമാരും ആകുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികൾ

14 റവന്യൂ ജില്ലാ കമ്മിറ്റികൾ വിഭജിച്ച് ബിജെപി 30 സംഘടന ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചുവെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ റവന്യൂ ജില്ലകളിൽ ഇനി മൂന്ന് ജില്ലാ കമ്മിറ്റികൾ ഉണ്ടായിരിക്കും. പത്തനംതിട്ട വയനാട് കാസർകോട് ജില്ലാ കമ്മിറ്റികൾ ഒഴികെ മറ്റു ജില്ലകൾ എല്ലാം രണ്ടായി വിഭജിക്കും. സംഘടനയുടെ പ്രവർത്തനം സുഗമമാക്കാനാണ് ജില്ലാ വിഭജനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *