ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ അന്വേഷണസംഘം നിര്‍ണായക കണ്ടെത്തലുകളുമായി രംഗത്ത്. കഴിഞ്ഞ ആറ് മാസമായി റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതു സംബന്ധിച്ച രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ രംഗത്തെയും സിനിമാ മേഖലയിലെയും പ്രമുഖരില്‍ നിന്നാണ് റോയ് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശക്തമാകുമെന്ന ആശങ്കയെ തുടര്‍ന്ന് ചില നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടത് റോയിയുടെ സമ്മര്‍ദം വര്‍ധിപ്പിച്ചുവെന്നാണ് അന്വേഷണ നിഗമനം.
പല സാമ്പത്തിക ഇടപാടുകളുടെയും സ്രോതസ്സുകള്‍ വ്യക്തമായി വെളിപ്പെടുത്താന്‍ കഴിയാതിരുന്നതാണ് റോയിയെ അത്യന്തം ഗുരുതരമായ തീരുമാനത്തിലേക്ക് നയിച്ചതെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു. ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് നിക്ഷേപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ റോയ് എഴുതിയ കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ആദ്യഘട്ട മൊഴികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണായക പങ്ക് വഹിച്ചവരെ വരും ദിവസങ്ങളില്‍ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യും. മരണത്തിന് മുന്‍പുള്ള സാമ്പത്തിക ഇടപാടുകളുടെ വ്യക്തതയ്ക്കായി റോയിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി എസ്ഐടി ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് റോയിയുടെ ഓഫീസുകളിലും വസതികളിലും പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള ഓഫീസിനകത്ത് വച്ചാണ് സി ജെ റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.





