India News Sports

ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സ്; കിരീടത്തിന് പുതിയ അവകാശികള്‍

അഹമ്മദാബാദ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്‍ ഫൈനലിലേക്ക് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ആറാം കിരീടം ലക്ഷ്യമിട്ട മുംബൈയെ അവസാന ഘട്ടത്തില്‍ പഞ്ചാബ് പുറത്താക്കി.

മമത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. ടോസ് നഷ്ടപ്പെട്ട മുംബൈ, ബാറ്റിങ്ങ് തിരഞ്ഞെടുത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ ആറ് പന്തും അഞ്ച് വിക്കറ്റും ബാക്കിയോടെ പഞ്ചാബ് വിജയലക്ഷ്യത്തിലെത്തി.

താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നില്‍ മുംബൈ ഉയര്‍ത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അര്‍ധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സറും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടര്‍ച്ചായായി വിക്കറ്റുകള്‍ വീണപ്പോഴും ശ്രേയസ് അയ്യര്‍ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.

ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും (6) ശശാങ്ക് സിങ്ങ് (2) എന്നിവര്‍ മാത്രമായിരുന്നു പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാര്‍ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.

ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയോട് ലഭിച്ച തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു പഞ്ചാബ് കിങ്‌സിന്റെ രണ്ടാം ക്വാളിഫയറിലെ കടമ്പ താണ്ടല്‍. ഈ തോല്‍വിക്ക് പ്രതികാരമാകാന്‍ അവര്‍ക്ക് ഇനി ചൊവ്വാഴ്ച ഫൈനലില്‍ ആര്‍സിബിയെ നേരിടാനുള്ള അവസരമുണ്ട്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളായ പഞ്ചാബും ബെംഗളൂരുവുമാണ് ഫൈനല്‍ അങ്കത്തില്‍ ഏറ്റുമുട്ടുക. ഇതോടെ ഇത്തവണ ഐപിഎല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നും ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *