Kerala News

‘പൊൻപണം’ ചിട്ട്സ് കേസിൽ ഉപഭോക്താവിന് വിജയം; 3 ലക്ഷം രൂപയും പലിശയും നൽകാൻ കോടതി വിധി

തൃശൂർ: “പൊൻപണം” കുറിയിലൂടെ അടച്ച തുക തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ നിർണായക വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് സമർപ്പിച്ച ഹർജിയിലാണ് പൊൻപണം ചിട്ട്സ് (തൃശൂർ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്കെതിരെ കോടതി ഇത്തരത്തിൽ ഉത്തരവിട്ടത്.

10,000 രൂപ മാസതവണയുള്ള കുറിയിലാണ് ലിഡോ ഡേവിസ് അംഗമായിരുന്നത്. 30 തവണകളായി തുക അടച്ച ശേഷമാണ് സ്ഥാപനം കുറി നടത്താതിരുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് അടച്ച തുക തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനം തുക മടക്കി നൽകിയില്ല. ഇതിനെത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കുറി നടത്താതിരുന്നതിനാലാണ് ഹർജിക്കാരന് കുറി പൂർത്തിയാക്കാനാകാതിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷിയുടെ പ്രവർത്തനം തെറ്റാണെന്നും ഉപഭോക്തൃ അവകാശ ലംഘനമാണെന്നും കോടതി വിലയിരുത്തി.

പ്രസിഡന്റ് സി.ടി. സാബുവും അംഗങ്ങളായ ശ്രീജ എസ്., ആർ. രാം മോഹൻ എന്നിവരും അടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് 3,00,000 രൂപയും, 2023 ഫെബ്രുവരി 8 മുതൽ 9% പലിശയും, നഷ്ടപരിഹാരവും ചെലവുകളും ഉൾപ്പെടെ 10,000 രൂപയും നൽകണമെന്ന് വിധി പ്രസ്താവിച്ചു.ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി കോടതിയിൽ ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *