തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.
ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ള 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറും. അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടില്ലാത്തവർക്ക് സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തിച്ചാകും പെൻഷൻ വിതരണം. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതത് ബോർഡുകൾ വഴിയാണ് തുക ലഭ്യമാക്കുക.
ദേശീയ പെൻഷൻ പദ്ധതിയായ എൻപിഎസിൽ ഉൾപ്പെട്ട 8.46 ലക്ഷം പേർക്ക് കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും പെൻഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുത്തതായി അധികൃതർ അറിയിച്ചു.
ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്തിരിക്കുന്നത്. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ നൽകിയപ്പോൾ, 2011-16 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാർ 9,011 കോടി രൂപ മാത്രമാണ് നൽകിയിരുന്നത്.
യുഡിഎഫ് ഭരണകാലത്ത് 600 രൂപയായിരുന്ന പെൻഷൻ തുക ഘട്ടംഘട്ടമായി ഉയർത്തി 2,000 രൂപയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരാണ്. കുടിശികയില്ലാതെ എല്ലാ മാസവും പെൻഷൻ വിതരണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.





