Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് വിഷുവിന് ശേഷം? മാർച്ച് രണ്ടാംവാരത്തിൽ പ്രഖ്യാപനം സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് രണ്ടാംവാരത്തിൽ ഉണ്ടാകുമെന്ന് സൂചന. മാർച്ച് അഞ്ചിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ സംസ്ഥാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തും. മാർച്ച് 12ഓടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ രണ്ടാം പകുതിയോടെ, വിഷുവിന് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണ് സൂചന. ഇത്തവണയും ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് വിലയിരുത്തൽ.

ഇതിനിടെ, ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ആറിന് കേരളം സന്ദർശിക്കും. എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുന്നതും വിവിധ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും സന്ദർശനത്തിൽ ഉൾപ്പെടും. സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക എന്നതാണ് പൊതുവായ രാഷ്ട്രീയ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *