കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപ കൂടി, ഒരു പവൻ സ്വർണത്തിന്റെ വില 1,18,720 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 14,840 രൂപയാണ് നിലവിലെ നിരക്ക്. ഇന്നലെ മാത്രം പവന് ഒറ്റയടിക്ക് 1,120 രൂപ ഉയർന്നതോടെ വില വീണ്ടും 1,18,000ന് മുകളിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്ന പവൻ വില, രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.





