Kerala News

ഭരണരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം; ‘നമ്മുടെ കേരളം’ പോർട്ടലും മൊബൈൽ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പൊതുസേവനങ്ങളും ഭരണ സംവിധാനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ വിപ്ലവകരമായ നീക്കമായി ‘നമ്മുടെ കേരളം’ വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന ഭരണചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐടി മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, സി-ഡിറ്റ് എന്നിവർ ചേർന്നാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ‘മൊബൈൽ ഫസ്റ്റ്, മലയാളം ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി രൂപകല്പന ചെയ്ത ഈ സംവിധാനം വഴി വിവിധ സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. അപേക്ഷകളുടെ പുരോഗതി എസ്എംഎസ്, വാട്‌സാപ്പ് വഴി അറിയാനും ‘മീറ്റ് ആൻ ഒഫീഷ്യൽ’ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൾ വഴിയോ നേരിട്ടോ സംവദിക്കാനും സാധിക്കും. പരാതി പരിഹാര സെൽ, വിജിലൻസ് അറിയിപ്പ്, അടിയന്തര എസ്ഒഎസ് സേവനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ വിടവ് നികത്തുന്നതിനായി കെഫോൺ പദ്ധതിയിലൂടെ അതിവേഗ ഇന്റർനെറ്റ് ഓരോ വീട്ടിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. 2030ഓടെ കേരളത്തെ 50 ബില്യൺ ഡോളർ ഐടി വിപണിയാക്കി മാറ്റുകയും 20,000 സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നതാണ് സർക്കാർ ലക്ഷ്യം. ഡീപ്പ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പ്രോത്സാഹനം, ലാൻഡ് പൂളിംഗ് മാതൃക, വികേന്ദ്രീകൃത ഐടി ഹബ്ബുകൾ, 5ജി കണക്റ്റിവിറ്റി തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചു. ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ പോർട്ടലിന്റെ ലോഞ്ചിംഗും സി-ഡിറ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ വെർച്വൽ ഉദ്ഘാടനവും നടന്നു. വൈജ്ഞാനിക നൂതനത്വം മുൻനിർത്തിയുള്ള നവകേരള സൃഷ്ടിക്കുള്ള വലിയ ചുവടുവെപ്പായാണ് ഈ ഡിജിറ്റൽ സംരംഭം വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *