ന്യൂഡൽഹി: ഇന്ത്യയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസർ തണ്ണീർത്തടങ്ങളുടെ എണ്ണം 2014 മുതൽ നാലിരട്ടിയോളം വർധിച്ചു. 2014ൽ 26 കേന്ദ്രങ്ങളായിരുന്ന എണ്ണം നിലവിൽ 103 ആയി ഉയർന്നു.
28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.87 ലക്ഷം ഹെക്ടറിലധികം വിസ്തൃതിയിലാണ് ഈ തണ്ണീർത്തടങ്ങൾ വ്യാപിച്ചുകിടക്കുന്നത്.
റാംസർ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ. ജൈവവൈവിധ്യ സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം, ഭൂഗർഭജല പുനർനിറവ്, പ്രാദേശിക ജനങ്ങളുടെ ഉപജീവനമാർഗങ്ങളുടെ സംരക്ഷണം എന്നിവയിൽ തണ്ണീർത്തടങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
1982ലാണ് ഇന്ത്യ റാംസർ കൺവെൻഷനിൽ അംഗമായത്. തണ്ണീർത്തട സംരക്ഷണത്തിനായി ദേശീയ ജല ആവാസവ്യവസ്ഥ സംരക്ഷണ പദ്ധതി (എൻപിസിഎ), അമൃത് ധരോഹർ, മിഷ്ടി, മിഷൻ സഹഭാഗിത തുടങ്ങിയ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നു.
സംസ്ഥാന സർക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണകൂടങ്ങളോ അനുയോജ്യമായ തണ്ണീർത്തടങ്ങൾ കണ്ടെത്തുന്നതോടെയാണ് റാംസർ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശങ്ങൾ പരിശോധിച്ച് അംഗീകാരത്തിനായുള്ള നടപടികൾ ഏകോപിപ്പിക്കും.





