Kerala News

ലഹരി വിരുദ്ധ ബോധവത്കരണം എല്‍പി ക്ലാസ് മുതല്‍; അതിശക്തമായ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാനായി എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് ശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ ആരംഭിക്കും. നിലവിലെ എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍ വിപുലമായ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എല്‍പി ക്ലാസ് മുതലേ ലഹരി വിരുദ്ധ ബോധവത്കരണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാക്കാനുള്ള നടപടികള്‍ ശക്തമാക്കും.

ലഹരിവിപണനത്തിനെതിരെ പോലീസ്, എക്സൈസ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പരിശോധന കര്‍ശനമാക്കും. ലഹരി വില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളും.

ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കി, എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. അതിര്‍ത്തികളിലെ കോറിയറുകള്‍, പാഴ്സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിവയെ പരിശോധനയ്ക്ക് വിധേയമാക്കും.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, പി. വിജയന്‍, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *